'പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത തകര്‍ത്ത് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാന്‍ ഗൂഢശ്രമം'; പ്രതിപക്ഷ നേതാവ്







തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂര്‍വം തകര്‍ത്തുകൊണ്ട് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ മരുന്നുക്ഷാമം അനുഭവപ്പെടുകയാണ്. ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന സര്‍ക്കാര്‍ കൊടിയ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.

പാരസെറ്റാമോളിനും ഐവി ഫ്‌ളൂയിഡിനും വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം നേരിടുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകള്‍ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ ആശുപത്രികളില്‍ എത്തിയിട്ടില്ല. ആന്റിബയോട്ടിക്കുകള്‍, ഹൃദ്രോഗ മരുന്നുകള്‍, അസിഡിറ്റിക്കുള്ള മരുന്നുകള്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമമാണ്. കൂടാതെ പനി, വേദന, അണുബാധ എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പം ഇഞ്ചക്ഷനുകള്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലാ ആശുപത്രികള്‍ വരെ മരുന്നുകളുടെ ലഭ്യതക്കുറവ് നേരിടുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ വയോമിത്രം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനെയും പാലിയേറ്റീവ് രോഗികളുടെ ചികിത്സയെയും മരുന്നുക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മരുന്ന് വിതരണ ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തലപ്പത്ത് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള പര്‍ച്ചേസ് ഓര്‍ഡറുകള്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയും മരുന്നു സംഭരണം മനഃപൂര്‍വം വൈകിപ്പിച്ചും സ്വകാര്യ ആശുപത്രികള്‍ക്കു കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ -പിണറായി പറഞ്ഞു.

വന്‍കിട സ്വകാര്യ ആശുപത്രി ശൃംഖലകളില്‍ നിന്നും മരുന്ന് കമ്പനി ഭീമന്മാരില്‍ നിന്നും കോടികള്‍ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്. തങ്ങളെ സഹായിച്ച സ്വകാര്യ കുത്തകകളോടുള്ള പ്രത്യുപകാരമായാണ് ഈ സര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ നോക്കുകുത്തികളാക്കി മാറ്റി സാധാരണക്കാരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ കെട്ടിപ്പടുത്ത പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ത്ത് പാവപ്പെട്ടവന്റെ ചികിത്സാ അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Post a Comment

0 Comments