കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകളിൽ അടിസ്ഥാനമില്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോൺ. ജനവാസമേഖലകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാട്. ജനങ്ങൾക്ക് പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാൽ അവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകും. നിലവിൽ ഉയർന്നുവരുന്ന ഭീതിക്കും ബഹളങ്ങൾക്കും പിന്നിൽ എന്താണെന്ന് ആരും വ്യക്തമാക്കുന്നില്ല. മുൻ സർക്കാർ ആറ് നോട്ടിഫിക്കേഷനുകൾ ഇറക്കിയപ്പോഴും ഉണ്ടാകാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിഷേധങ്ങളുമാണ് ഇപ്പോൾ പുതിയ സർക്കാർ ഏഴാമത്തെ നോട്ടിഫിക്കേഷൻ ഇറക്കിയപ്പോൾ ഉണ്ടാകുന്നത്. മുൻ നോട്ടിഫിക്കേഷനിൽ നിന്നും ഒരു വരി പോലും മാറ്റമില്ലാതെയാണ് പുതിയ സർക്കാരും നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.
ചിന്നക്കനാലിലെ വന്യമൃഗശല്യത്തെക്കുറിച്ച് സംസാരിക്കവെ, അവിടെ മനുഷ്യരും മൃഗങ്ങളും ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'ആനയിറങ്ങൽ' എന്ന പ്രദേശത്തിന്റെ പേര് തന്നെ അവിടെ മുൻപേയുള്ള വന്യമൃഗസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ കാലക്രമേണ അവിടെ ഒരു കോളനിയും രണ്ട് റിസോർട്ടുകളും വന്നു. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനായി റിസോര്‍ട്ടുകളില്‍ ഉപ്പ് വെയ്ക്കുന്ന രീതിപോലും ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ തോട്ടം മേഖലയിലെ തൊഴിലാളി ക്ഷാമത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ബംഗാളിലും അസമിലും ഒറീസയിലും വികസനമില്ലാത്ത സാഹചര്യം തുടർന്നില്ലെങ്കിൽ കേരളത്തിലെ തോട്ടം മേഖലയിൽ ജോലി ചെയ്യാൻ തൊഴിലാളികളെ കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. ഒറീസയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ എത്തുന്നില്ല. തോട്ടം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മോശം ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ തോട്ടം ഉടമകൾ തയ്യാറാകണം. രണ്ട് മുറി മാത്രമുള്ള ലയങ്ങളിൽ മനുഷ്യർക്ക് എങ്ങനെ കഴിഞ്ഞുകൂടാൻ സാധിക്കുമെന്നും മന്ത്രി ചോദിച്ചു.
പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി (ഇഎഫ്എൽ) ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ച മന്ത്രി, ഇനിമേൽ പണം നൽകി മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്ന് അറിയിച്ചു. മുൻപ് ചട്ടം 3 പ്രകാരമാണ് ഏറ്റെടുക്കലുകൾ നടത്തിയിരുന്നതെങ്കിൽ, ഇനി മുതൽ ചട്ടം 4 പ്രകാരം മാത്രമേ നടപടികൾ സ്വീകരിക്കൂ. കൂടാതെ, വൻകിട തോട്ടങ്ങളിൽ ഒന്നിലേറെ കൃഷികൾ നടത്തുന്നതിനുള്ള അനുവാദം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments