കേരളത്തിലേത് സ്പോൺസർ സർക്കാരും സ്പോൺസർ മുഖ്യമന്ത്രിയും: വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ




 തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിമാനയാത്രയിൽ രൂക്ഷ വിമർശങ്ങളും ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലേത് സ്പോൺസർ സർക്കാരായും മുഖ്യമന്ത്രി സ്പോൺസർ മുഖ്യമന്ത്രിയായും അധഃപതിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ദുരന്തബാധിതരെ കാണാൻ പോയ യാത്രയുടെ സ്പോൺസർ ആരാണ് എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

മലപ്പുറത്തേക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര പോയ വാർത്ത പുറത്തുവന്നപ്പോൾ, ഗവൺമെന്റിന് 'നയാ പൈസ' ചെലവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സർക്കാരിന് ചെലവില്ലെങ്കിൽ ഈ ഭീമമായ തുക വഹിച്ച അദൃശ്യനായ സ്പോൺസർ ആരാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കണം. ഇതിനായി വെല്ലുവിളിക്കുകയാണെന്നും സുതാര്യമായ ജനാധിപത്യ സമൂഹത്തിൽ കാര്യങ്ങൾ ഒളിച്ചുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാർ സ്പോൺസർഷിപ്പിന്റെ ബലത്തിൽ വിദേശയാത്ര നടത്തുകയാണെന്നും ഇനിയും അത് തുടരുമെന്നുമാണ് സർക്കാർ നിലപാട്. ഇത്തരം നടപടികൾ പൂർണമായും ഭരണഘടനാ വിരുദ്ധവും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവുമാണ്. പണക്കാരുടെ സൗജന്യങ്ങൾ പറ്റുന്നത് സർക്കാരിന് ലാഭകരമാണെന്ന് കെപിസിസി പ്രസിഡന്റ് വാദിക്കുന്നത് വിചിത്രമാണ്. ദുരൂഹമായ സാഹചര്യത്തിലുള്ള ഇത്തരം സ്പോൺസർഷിപ്പുകൾ പ്രബുദ്ധ കേരളം അംഗീകരിക്കില്ല.

അനാവശ്യ വസ്‌തുതകൾ പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാനും, മറുപടി പറയാനില്ലാതെ ഇറങ്ങിപ്പോകാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അജ്ഞാതരായ സാമ്പത്തിക ശക്തികളെയും സ്പോൺസർമാരെയും ഒളിച്ചുപിടിക്കാനുള്ള ദുരൂഹമായ ശ്രമമാണ് വി.ഡി സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Post a Comment

0 Comments