ശബരിമല: ശബരിമല സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായതോടെ തീർത്ഥാടകർക്ക് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്.
അരവണ നിർമ്മാണ പ്ലാന്റിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചതാണ് ക്ഷാമത്തിന് പ്രധാന കാരണം.മാസപൂജകൾക്കായി നടതുറന്നതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തിയിരുന്നു. ഇതോടെ നിലവിലുണ്ടായിരുന്ന അരവണ ശേഖരം വേഗത്തിൽ കുറഞ്ഞു. ഇപ്പോൾ ഏകദേശം മൂന്ന് ലക്ഷം ടിൻ അരവണ മാത്രമാണ് സന്നിധാനത്ത് അവശേഷിക്കുന്നത്.
അരവണയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഓരോ തീർത്ഥാടകനും നൽകുന്ന ടിന്നുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെ മുതലാണ് ഒരാൾക്ക് ഒരു ടിൻ എന്ന പരിധി നിലവിൽ വന്നത്.
അതേസമയം, അരവണ നിർമ്മാണ പ്ലാന്റിന്റെ പുനർനിർമാണവും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും അരവണ വിതരണത്തിൽ നിയന്ത്രണം തുടരാൻ സാധ്യതയുണ്ട്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് അരവണയുടെ ആവശ്യകതയും വർധിക്കുന്ന സാഹചര്യത്തിൽ ഉൽപാദനം പുനരാരംഭിക്കുന്നതുവരെ ക്ഷാമം തുടർന്നേക്കുമെന്നാണ് സൂചന.

0 Comments