കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം; യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം




കോട്ടയം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു കുടുംബം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിദ്യ (34) ആണ് മരിച്ചത്. സംഭവിച്ചത് ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.

കൈകളിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനായി ഈ മാസം 16-നാണ് വിദ്യയെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന 'മെഡ് ലോഞ്ചസ്' എന്ന കോസ്മെറ്റിക് ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ വിദ്യയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

അനസ്തേഷ്യ നൽകിയതിലുണ്ടായ പാകപ്പിഴയാണ് ഹൃദയാഘാതത്തിനും തുടർന്ന് മരണത്തിനും കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ആരോപണം നിഷേധിച്ച് മെഡ്ലോഞ്ചസ് വെൽനസ് ക്ലിനിക്ക് രം​ഗത്തെത്തി. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയക്ക് മുമ്പ് തന്നെ വിദ്യക്ക് പരിശോധനകൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും ജനറൽ മാനേജർ ജോർജ് യേശുദാസ് വ്യക്തമാക്കി. ഹൃദയാഘാതം ഉണഅടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയതായും സ്വയം ശ്വാസം എടുത്ത ശേഷമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാവിധ അന്വേഷണവുമായും സഹകരിക്കുമെന്നും മെഡ്ലോഞ്ചസ് ജനറൽ മാനേജർ വ്യക്തമാക്കി.


Post a Comment

0 Comments