കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള പട്ടികജാതി വിഭാഗത്തെ ആക്ഷേപിച്ചെന്ന് ശൂരനാട് നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗം അഡ്വ. വിജയാനന്ദ്. പാർട്ടിക്കുള്ളിൽ ജാതി വേർതിരിവുണ്ടെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും വിജയാനന്ദ് ആരോപിച്ചു.
സിപിഎമ്മിന്റെ സമൂഹമാധ്യമ ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിലാണ് വിജയാനന്ദിന്റെ പരാമർശങ്ങൾ. താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായതിനാലാണ് പാർട്ടിയിലെ ചിലർക്ക് തന്നോട് താൽപര്യമില്ലാത്തതെന്ന തരത്തിലുള്ള ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
എം. ശിവശങ്കരപ്പിള്ള പട്ടികജാതി വിഭാഗക്കാരെ ആക്ഷേപിച്ചെന്നാണ് വിജയാനന്ദിന്റെ ആരോപണം. എന്നാൽ, ആരോപണങ്ങളിൽ ശിവശങ്കരപ്പിള്ളയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ശൂരനാട് മേഖലയിൽ സംഘടനാപരമായ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാനന്ദിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. സംഭവത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

0 Comments