കൊച്ചി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേരള ഹൈക്കോടതി വളപ്പിൽ ഫോട്ടോയും വീഡിയോയും പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ചു. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലർക്കുമാർ, കോടതി ജീവനക്കാർ, മാധ്യമപ്രവർത്തകർ, സന്ദർശകർ തുടങ്ങി കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഈ പുതിയ നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമായിരിക്കും.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ പകർത്തേണ്ടത് രജിസ്ട്രി ചുമതലപ്പെടുത്തുന്ന പ്രത്യേക വ്യക്തികളോ ഏജൻസികളോ മാത്രമായിരിക്കും. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ മുൻകൂർ അനുമതിയില്ലാതെ പുറത്തുവിടാനോ സോഷ്യൽ മീഡിയ, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കോടതി വളപ്പിലെ ഔദ്യോഗിക ചടങ്ങുകളും മറ്റ് പരിപാടികളും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യണമെങ്കിലും രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. കൂടാതെ, കോടതി നടപടികൾ ചിത്രീകരിക്കുകയോ വീഡിയോയിൽ പകർത്തുകയോ ലൈവ് സ്ട്രീമിങ് നടത്തുകയോ ചെയ്യണമെങ്കിൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി നേടിയിരിക്കണമെന്നും മാർഗനിർദേശത്തിൽ ഊന്നിപ്പറയുന്നുണ്ട്.
%20(1).jpg)
0 Comments