പായോട് കാട്ടാനയിറങ്ങി; മാനന്തവാടി പ്രദേശത്ത് നിരോധനാജ്ഞ

മാനന്തവാടി: എടവക പഞ്ചായത്തിലെ പായോട് കാട്ടാനയിറങ്ങി ഭീതി വിതയ്ക്കുന്നു. നിലവിൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് പറയപ്പെടുന്നത്. രാവിലെ പാലും കൊണ്ട് പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. വനപാലകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് വിദ്യാർത്ഥികളെ അയക്കരുതെന്നും മാനന്തവാടി തഹസിൽദാർ അറിയിച്ചു. നിലവിൽ സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നും റവന്യു അധികൃതർ അറിയിച്ചിട്ടുണ്ട്. 

തലപ്പുഴ ഭാഗത്ത് നിന്നും വന്ന കാട്ടാനയാണ് ആശങ്ക വിതയ്ക്കുന്നത്. കാട്ടാന തിരികെ കാട് കയറുന്നത് വരെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാൻ അറിയിച്ചു. മാനന്തവാടി ടൗണിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി കൂട്ടം കൂടിയാൽ നിയമ നടപടി നേരിടേണ്ടി വരും.ഇപ്പോൾ കാട്ടാന മിനി സിവിൽ സ്റ്റേഷന് താഴെ പ്രദേശത്താണുള്ളത്.നിലവിൽ പോലീസ് സ്റ്റേഷന് താഴെയുള്ള വാഴവയൽ മേഖലയിലാണ് ആന തമ്പടിച്ചിരിക്കുന്നത്.

Post a Comment

0 Comments