ന്യൂ ഡൽഹി: സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾ പ്രചരിച്ചത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതുസംബന്ധിച്ച പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തുകയായിരുന്നു.
സെർവിക്കൽ കാന്‍സറിനെ പറ്റി സമൂഹത്തിൽ അവബോധം നല്‍കാനാണ് വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നാണ് പൂനത്തിന്റെ വിശദീകരണം. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 'പബ്ലിസിറ്റിക്ക് വേണ്ടി ഒരാൾക്ക് ഈ നിലയിലേക്ക് താഴുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, നാണക്കേട്, നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്' തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പൂനത്തിനെതിരെ ഉയരുന്നത്.
'പൂനത്തിന്റെ പ്രവൃത്തി കാൻസറിനെതിരെ അവബോധം സൃഷ്ടിക്കുന്നതല്ല, ക്യാൻസറിനെതിരെ പോരാടുന്ന എത്രയോ പേരുണ്ട്, ഇത് വെറുപ്പുളവാക്കുന്നതാണ്' എന്നും ചിലർ പ്രതികരിക്കുന്നു. കാൻസർ രോഗികളോടുള്ള അനാദരവാണ് പൂനം കാണിച്ചതെന്നും കാൻസർ തമാശയല്ലെന്നും ഓർമപ്പെടുത്തുന്നവരുമുണ്ട്. ബോധവത്കരണത്തിനാണെങ്കിൽ മറ്റെന്തെങ്കിലും നല്ല വഴികൾ തെരഞ്ഞെടുക്കൂവെന്ന് ഉപദേശിച്ചും ചിലർ രംഗത്തെത്തി.
പൂനത്തിനെതിരെ വിമർശനവുമായി സെലിബ്രിറ്റികളും രംഗത്തുണ്ട്. ഏക്താ കപൂർ, രാഹുൽ വൈദ്യ, റിദ്ദി ദോഗ്ര, സോഫിയ ഹയാത് തുടങ്ങി നിരവധിപേർ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു
'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ഒച്ചപ്പാടിന് മാപ്പ്. ഞാന്‍ കാരണം വേദനിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം' എന്നാണ് പൂനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്
'എന്റെ മരണത്തെക്കുറിച്ചുള്ള പോസ്റ്റ് വ്യാജവാര്‍ത്തയായിരുന്നു അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം മനുഷ്യനെ പതുക്കെ കാര്‍ന്നു തിന്നുന്നതാണ്. ധാരാളം സ്ത്രീകളുടെ ജീവൻ ഈ രോഗം കവര്‍ന്നിട്ടുണ്ട്. സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകണം’- പൂനം പറയുന്നു. വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്.
.jpg)
0 Comments