രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘം, പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി




ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ കഴുത്ത് ഞെരിച്ച്, ജനങ്ങളിൽ നിന്ന് അവർക്ക് ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എടുത്തുകളയാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബി.ജെ.പി.യിൽ ഇല്ലാത്തവനെ ജയിലിലടക്കുക, ബി.ജെ.പി.ക്ക് സംഭാവന നൽകുന്നയാൾക്ക് ജാമ്യം കൊടുക്കുക. പ്രധാന പ്രതിപക്ഷ പാർട്ടികള്‍ക്ക് നോട്ടീസ് അയച്ച് കളിക്കുക. ഇലക്ടറൽ ബോണ്ടുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്യുക തുടങ്ങിയവയാണ് ബി.ജെ.പി ചെയ്യുന്നത്. രാജ്യം ഭരിക്കുന്നതൊരു സർക്കാരല്ല, ക്രിമിനൽ സംഘമാണെന്നാണ് തോന്നുന്നുവെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ കള്ളവും ധിക്കാരവും അഴിമതിയും നിറഞ്ഞ സർക്കാരിനെക്കുറിച്ച് സത്യം പറയാൻ നാളെ ഇന്‍ഡ്യാ സഖ്യം ഡൽഹിയിൽ ഒരു വലിയ യോഗം ചേരാൻ പോകുകയാണ്. ഈ പോരാട്ടം ബി.ജെ.പിയും ജനങ്ങളുടെ അവകാശങ്ങളും തമ്മിലുള്ളതാണ്, അതിൽ ഞങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ജനാധിപത്യത്തിൻ്റെ വിജയത്തിൽ മാത്രമാണ് ഇന്ത്യയുടെ വിജയമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തുവന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേയുള്ള നടപടി പ്രതിപക്ഷ ശക്തി ചോർത്തിക്കളയാനാണെന്ന ആരോപണവും വ്യാപകമാണ്.

കേന്ദ്രത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കൂട്ടായ്മയായ ' ഇന്‍ഡ്യ' സഖ്യം നേരത്തെ വ്യക്തമാക്കിയതാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു തീരുമാനം. ഡൽഹിയിലെ രാംലീല മൈതാനിയിലാണ് റാലി. 'ഇന്‍ഡ്യ' സഖ്യം വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു റാലിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നത്.

Post a Comment

0 Comments