ഇപി - ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി; വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ അതൃപ്തി അറിയിച്ച് സിപിഐ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ

ഇപി ജയരാജന്റെ കൂടിക്കാഴ്ചയിൽ സിപിഐഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിർന്ന നേതാക്കൾ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളിൽ ജാ​ഗ്രത പുലർത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുൻ ധനമന്ത്രിയും ലോക്സഭാ സ്ഥാനാർത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെയായിരുന്നു പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തിറങ്ങിയ ഇ പി പാർട്ടിയെ പ്രതിരോധത്തിലാക്കി ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചത്. വിഷയം വിവാദമായതോടെ തന്നെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജനും സമ്മതിക്കുകയായിരുന്നു. കുശലാന്വേഷണമെന്ന തരത്തിൽ നിസ്സാരവത്കരിച്ചാണ് കൂടിക്കാഴ്ചയെ ഇപി അവതരിപ്പിച്ചതെങ്കിലും യുഡിഎഫും ബിജെപിയും വിഷയം വലിയ വിവാദമാക്കി. തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന വിലയിരുത്തലുമുണ്ട്.

Post a Comment

0 Comments