ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം; പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി


വയനാട്: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നനുണ്ടെന്ന ആരോപണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നല്‍കി വോട്ട് പിടിക്കുന്നത് യുഡിഎഫും എല്‍ഡിഎഫുമെന്ന് പ്രശാന്ത് മലവയല്‍. ഗൂഢാലോചനയാണിതെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി.

വയനാട്ടിലെ ആദിവാസി മേഖലകളില്‍ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകള്‍ തായ്യാറാക്കിയതെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്ന പരാതി. ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നും ആരോപണമുണ്ട്. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബത്തേരിയില്‍ നിന്ന് 470 ഒളം കിറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി കിറ്റുകളില്‍ പകുതി വാഹനത്തിലും പകുതി കടയുടെ മുന്നില്‍ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കടയുടമയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

Post a Comment

0 Comments