കോംഗോയിൽ എംപോക്‌സ് കേസുകളും ഇത് മൂലമുണ്ടാകുന്ന മരണങ്ങളും വർദ്ധിക്കുന്നു. അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും കോംഗോയിലേക്ക് എംപോക്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ എത്രയും വേഗം എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്ത് കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ പറയുന്നു.
ഈ വർഷം വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 16,700 കേസുകളും 570ഓളം മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോള അടിയന്തരാവസ്ഥയാണിതെന്നും, വാക്‌സിനേഷൻ പരിപാടികൾ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും കാംബ വ്യക്തമാക്കി. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ ജൂലൈ മുതൽ എംപോക്‌സ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കോംഗോയിലേക്ക് 50,000 ഡോസ് വാക്‌സിനുകൾ നൽകാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. കുട്ടികൾക്ക് വേണ്ടി മാത്രമുള്ള 35 ലക്ഷം ഡോസുകൾ നൽകാമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്. രോഗത്തിനുള്ള പരിഹാരം വാക്‌സിൻ നൽകുക എന്നതാണെന്നും, അടുത്ത ആഴ്ചയോടെ ഈ വാക്‌സിനുകൾ രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാംബ പറയുന്നു.
പല ആഫ്രിക്കൻ രാജ്യങ്ങളിലും എംപോക്‌സ് കേസുകൾ വർദ്ധിക്കുന്നതിൽ ലോകാരോഗ്യ സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിർത്തി കടന്ന് ലോകാരാജ്യങ്ങൾ തമ്മിൽ സഹകരണം ഉണ്ടാകണമെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്. ക്ലേഡ് Ib എന്ന ഗുരുതര വകഭേദമാണ് ആഫ്രിക്കയിൽ കൂടുതൽ പേരിൽ കണ്ടെത്തിയത്. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണിത്.
0 Comments