'കാല് വെട്ടുമെന്ന് പറഞ്ഞാൽ എങ്ങനെ സർവകലാശാലയിലേക്ക് പോകും,പ്രശ്നങ്ങളുണ്ടാക്കുന്നത് ഞാനല്ല'; വി സി മോഹനന്‍ കുന്നുമ്മല്‍

 



തൃശൂര്‍: കേരള സർവകലാശാലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് താനല്ലെന്നും കാല് വെട്ടുമെന്ന് പറഞ്ഞാൽ എങ്ങനെ സർവകലാശാലയിലേക്ക് പോകുമെന്നും വി സി മോഹനൻ കുന്നമ്മൽ ചോദിച്ചു. പൊലീസ് സമരക്കാരെ സംരക്ഷിക്കുകയാണ്. ഫയലുകൾ ഓൺലൈനായി പോലും നോക്കാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും വി സി പറഞ്ഞു. ഗവർണറുമായി തൃശൂരിൽ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു വിസിയുടെ പ്രതികരണം.

'രജിസ്ട്രാരുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചെങ്കിൽ അതിന്‍റെ രേഖ എവിടെയാണ്?. ഇല്ലാത്ത കടലാസിനെ കുറിച്ചാണ് രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പറയുന്നത്.ഒരാളെ സസ്പെൻഡ് ചെയ്യുന്നത് കേരളത്തിൽ ആദ്യമല്ല. സസ്പെൻഷൻ ശിക്ഷയും അല്ല.സസ്പെൻഷനെ കുറിച്ച് അദ്ദേഹം ഇതുവരെയും ഒരു പരാതിയും നൽകിയിട്ടില്ല. പരാതി പറഞ്ഞാൽ അത് പരിഗണിക്കും'.. വി സി പറഞ്ഞു.

'പരാതി നല്‍കാതെ സര്‍വകലാശാലയുടെ പ്രോപ്പർട്ടികൾ നശിപ്പിച്ചു.യൂണിവേഴ്സിറ്റിയുടെ പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ ജനങ്ങളുടെ പ്രോപ്പർട്ടിയാണ്.യൂണിവേഴ്സിറ്റി തകർത്തതിനുശേഷം അവിടെ എന്തു വിപ്ലവമാണ് നടത്തുന്നത്. പ്രതിഷേധം എന്നു പറഞ്ഞ് തിരുവനന്തപുരത്തെ ചിലർ തന്‍റെ ഭാര്യയുടെ വീടിൻറെ മുന്നിൽ കുത്തിയിരുന്നു. തൊട്ടടുത്ത ആശുപത്രിക്ക് മുമ്പിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു.അവിടുത്തെ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. സമരക്കാര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് തയ്യാറായി. വി സിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചാല്‍ തല്ലുണ്ടാകും.പൊലീസിനും വിദ്യാര്‍ഥികള്‍ക്കും ഗുണ്ടകളില്‍ നിന്ന് തല്ലുകിട്ടും. കേരളത്തിലെ പുരാതനമായ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഒരു സംഘം ആളുകൾ ശ്രമിക്കുന്നു.ഇക്കാര്യങ്ങളെല്ലാം ഗവർണറെ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹം യുക്തമായ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷയെന്നും' വി സി പറഞ്ഞു.

'2500 സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടക്കുന്നു എന്ന വാദം കളവാണ്.ആഴ്ചയിൽ പരമാവധി എത്തുന്നത് 400- 500 സർട്ടിഫിക്കറ്റുകൾ മാത്രമാണ്. തന്നെ സര്‍വകലാശാലക്കുള്ളില്‍ കയറ്റാന്‍ അനുവദിച്ചാല്‍ യന്ത്ര സംവിധാനത്തിലൂടെ പെട്ടെന്ന് ഒപ്പിടാൻ സാധിക്കും.വി സിയെ യൂണിവേഴ്സിറ്റിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞവരെ പൊലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. തനിക്ക് യൂണിവേഴ്സിറ്റിയിൽ ചെല്ലണമെന്ന് നിർബന്ധമില്ല.പക്ഷേ കുട്ടികളെ ഓർത്താണ് വിഷമമെന്നും' അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments