2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ (ഇ.വി.എം) കളുടെയും വിവിപാറ്റുകളുടെയും ഒന്നാം ഘട്ട പരിശോധന (എഫ്‌എൽ‌സി) ജനുവരി മൂന്നിന് രാവിലെ ഒൻപത് മണി മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൌണ്ടിലെ ഇവിഎം വെയർ ഹൗസിൽ ആരംഭിക്കും. ഓരോ തിരഞ്ഞെടുപ്പിനും മുമ്പ്, തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശോധന ബന്ധപ്പെട്ട നിർമ്മാതാവിന്റെ അംഗീകൃത എഞ്ചിനീയർമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. എഫ്‌എൽ‌സി പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയുള്ളൂ. എഫ്‌എൽ‌സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇവി എം മാനുവലിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ (https://www.eci.gov.in/evm-vvpat) ലഭ്യമാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും എഫ്‌എൽ‌സി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് ഇലക്ടറൽ ഓഫീസർ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ തലങ്ങളിൽ എഫ്‌.എൽ‌.സി പ്രക്രിയ നിരീക്ഷിക്കപ്പെടുന്നതാണ്. എഫ്.എൽ.സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.