തിരുവനന്തപുരം: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്‌യുടെ മരണത്തിൽ വേദന പങ്കുവച്ചും അനുശോചിച്ചും നടൻ മോഹൻലാൽ. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്‌യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓർമിക്കപ്പെടും'- മോഹൻലാൽ അനുശോചിച്ചു.
സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തീർത്തും സാധാരണക്കാരനെപ്പോലെ പെരുമാറുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്ത ബിസിനസ് അതികായനായിരുന്നു റോയ്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ആത്മഹത്യ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

0 Comments