കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു പറഞ്ഞു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു. (ksrtc memory card ganesh)
സംഭവത്തിൽ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. കെഎസ്ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് ഇന്ന് പൊലീസ് എത്തിയത്. തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടന്നത്. എന്നാൽ, ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ലാത്തത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാക്കും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.
0 Comments