കുവൈത്ത് ദുരന്തം: പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

 



കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. 

ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. 

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.

മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും. 

Post a Comment

0 Comments