കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ലേബർ ഓഫീസറുടെ വീട്ടിൽനിന്ന് രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. അസിസ്റ്റന്റ് ലേബർ കമ്മീഷണർ യുപി സ്വദേശി അജിത് കുമാറിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ജീവനക്കാരനാണ് ഇയാൾ.
കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലൻസ് അറിയിച്ചു. സ്വർണവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതു കൈക്കൂലിയായി സ്വന്തമാക്കിയതാണോ എന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്.
ഇന്ന് ഉച്ചയ്ക്കാണ് ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാർ വിജിലൻസിന്റെ പിടിയിലായത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. അതിഥി തൊഴിലാളികളെ ഉൾപ്പെടെ ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകുന്നത് അസി. ലേബർ കമ്മിഷണറായ ഇദ്ദേഹമാണ്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ്.
ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കൈക്കൂലി വാങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
0 Comments