സരിൻ ചതിയൻ, തിരികെ വന്നാലും എടുക്കില്ലെന്ന് കെ. സുധാകരൻ


എറണാകുളം: പാർട്ടി വിട്ട പി.സരിന്‍ കാണിച്ചത് വലിയ ചതിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തനിക്ക് സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെനിര്‍ത്താനോ സാധിക്കില്ല. വളരെ നിര്‍ണായക സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തിയെ, ഇനി തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോൺഗ്രസിന്റെ പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ബി.ജെ.പിയെ പാർട്ടി നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ് ഈ ജനവിധി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും യു.ഡി.എഫിന് ലഭിച്ചു. രമ്യ ഹരിദാസ് മികച്ച സ്ഥാനാര്‍ഥിയാണ്. അവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. മറിച്ച് അഭിപ്രായമുണ്ടോയെന്ന് നിലവിൽ അറിയില്ല.

സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്ക് ഉപയോഗിച്ച ആളാണ് എ.കെ ബാലന്‍. സി.പി.എമ്മില്‍ പോയാല്‍ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റല്‍ ക്ലിയറും എന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ എല്ലാം മാറി. അഭിപ്രായ സ്ഥിരതയെന്നത് ഒരു നല്ല രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments