'കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാർവതി അവസരവാദി; നാണക്കേട് തോന്നുന്നു': വിമർശിച്ച് നടി ര‍ഞ്ജിനി

 



കൊച്ചി: നടി വിൻസി ആലോഷ്യസിന്റെ ദുരനുഭവം നിസാരവത്കരിച്ച മാലാ പാർവതിയെ വിമർശിച്ച് നടി രഞ്ജിനി. മാലാ പാർവതിയുടെ നിലപാടുകൾ അവസരവാദമാണ്. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നതായും നാണക്കേട് തോന്നുന്നു എന്നും രഞ്ജിനി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് തെളിയിക്കുന്നത്. വളരെ ദുഃഖം തോന്നുന്നു. നിങ്ങളോട് ഒരു ബഹുമാനവും തോന്നുന്നില്ല'- രഞ്ജിനി കുറിച്ചു.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. 'ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്നും എല്ലാമങ്ങ് തകർന്നുപോയെന്നുമാണ് പറയുന്നതെന്നും പോടാ എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ലേയെന്നും അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ' എന്നുമായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.

'അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിൽ നിൽക്കാൻ സാധിക്കില്ല. സ്ത്രീകൾ ജോലി ചെയ്യുമ്പോൾ അവരുടെ പ്രത്യേകത വച്ച്, കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ആളുകൾ ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കിൽ ആണ്. അതിനെ വലിയൊരു വിഷയമാക്കിയാൽ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേയ്ക്ക് പോകും'- എന്നും മാലാ പാർവതി പറഞ്ഞിരുന്നു. ഇതിൽ മാലാ പാർവതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആ നടൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും ഒരു വെള്ളപ്പൊടി തുപ്പുന്നത് കണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.

ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. നടന്റെയോ സിനിമയുടെയോ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആ നടൻ ഷൈൻ ആണെന്നും 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു സംഭവമെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്തുവരികയായിരുന്നു. വ്യാഴാഴ്ച ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

Post a Comment

0 Comments