മുനമ്പം കേസ്: വഖഫ് ട്രൈബ്യൂണൽ അന്തിമവിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

 



കൊച്ചി: മുനമ്പം കേസിൽ വഖഫ് ട്രൈബ്യൂണൽ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. വഖഫ് ബോർഡ് നല്‍കിയ അപ്പീല്‍ ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പറവൂർ സബ് കോടതിയിൽനിന്ന് രേഖകൾ വിളിച്ചുവരുത്തണമെന്ന ഹരജി തള്ളിയതിനെതിരായാണ് അപ്പീല്‍. കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല. വഖഫ് ബോർഡിൻ്റെ അപ്പീൽ ഹൈക്കോടതി മെയ് 26ന് പരിഗണിക്കും.


മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുകയാണ്. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോർഡിൻ്റെ ഉത്തരവാണ് ട്രൈബ്യൂണൽ പരിശോധിച്ചത് ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വഖഫ് ട്രൈബ്യൂണൽ പരിശോധിക്കും.

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂമിക്കല്ലേ വിൽപ്പന വിലക്ക് ബാധകമെന്ന ചോദ്യം വഖഫ് ട്രൈബ്യൂണൽ ഇന്ന് ഉയർത്തിയിരുന്നു. മുനമ്പത്തെ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്തതിന്റ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. മുനമ്പത്തെ ഭൂമി സിദ്ധീഖ് സേഠ് ഫാറൂഖ് കോളജിന് വഖഫ് ചെയ്ത് നൽകിയെങ്കിലും വഖഫ് ബോർഡില്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. 2019ല്‍ വഖഫ് ബോർഡാണ് ഉത്തരവിലൂടെ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്നത്.

രജിസ്റ്റർ ചെയ്യുന്നതിന് മുമ്പത്തെ വിൽപ്പനയ്ക്ക് എന്തെങ്കിലും പ്രശ്നുമുണ്ടോ എന്ന ചോദ്യമാണ് ഇന്ന് ട്രൈബ്യൂണല്‍ ജഡ്ജ് രാജന്‍ തട്ടില്‍ ഉന്നയിച്ചത്. വഖഫ് ഭൂമി വിൽപ്പന പാടില്ല എന്ന നിയമം ബാധകമാവുക ബോർഡില്‍ രജിസ്റ്റർ ചെയ്ത ഭൂമിക്കാണ്. ബോർഡില്‍ രജിസ്റ്റർ ചെയ്യാതിരുന്ന സമയം ഫാറൂഖ് കോളജ് ഭൂമി വിറ്റിട്ടുണ്ടെങ്കില്‍ ആ വിൽപ്പന സാധുവാകില്ലേ എന്ന ചോദ്യമാണ് ട്രൈബ്യൂണല്‍ ഉയർത്തുന്നത്. മുനമ്പത്തെ ഭൂമി വിൽപ്പന നടന്നത് 1988, 1990 വർഷങ്ങളിലായതിനാല്‍ ഈ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. രജിസ്റ്റർ ചെയ്യാത്ത ഭൂമിയുടെ വിൽപ്പന സംബന്ധിച്ച നിയമവശങ്ങള്‍ വരും ദിവസങ്ങളില്‍ വഖഫ് ബോർഡ് ട്രൈബ്യൂണലില്‍ അറിയിക്കും.

1988ല്‍ 74 പേർക്കും 1990ല്‍ 151 പേർക്കും ഉള്‍പ്പെടെ ആകെ 225 പേർക്ക് ഭൂമി വിറ്റിരുന്നതായി ഫാറൂഖ് കോളജ് അറിയിച്ചു. ബാക്കി ഭൂമി അളവ് അന്വേഷിച്ച് അറിയിക്കാനും ട്രൈബ്യൂണല്‍ നിർദേശിച്ചു. ഈ മാസം 21ന് കേസിന്റെ വാദം പുനരാരഭിക്കും.

അതിനിടെ മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് സമ്മതിക്കുന്ന സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. 1970ല്‍ പറവൂർ സബ്കോടതിയില്‍ ഫാറൂഖ് കോളജ് സമർപ്പിച്ച രേഖയാണ് പുറത്തുവന്നത്. ഭൂമി ദാനമായി കിട്ടിയതാണെന്ന് സ്ഥാപനത്തിന്റെ വാദം ഇല്ലാതാക്കുന്നതാണ് ഈ സത്യവാങ്മൂലം

Post a Comment

0 Comments