നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം

 



കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം. വൈദ്യ പരിശോധനയ്ക്ക് ശേഷം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

രണ്ടാഴ്ച കൂടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും എപ്പോൾ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനെ വിട്ടയച്ചത്. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പറയുന്ന പൊലീസ്, ഷൈനിനെ ഇനിയും വിളിച്ചുവരുത്തുമെന്നും വ്യക്തമാക്കി. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും വിളിപ്പിക്കുക.

നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

നടന് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരനായ സജീറുമായി പരിചയമുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‌‌വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.

കൂടാതെ, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി ത‍സ്‍ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്. ഷൈൻ പ്രതിയായ 2015ലെ കൊക്കൈയൻ കേസിൽ ത‍സ്‍ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് ത‍സ്‍ലീമ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഷൈനടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

താൻ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്നും നടൻ പൊലീസിന് മൊഴി നൽകി. ലഹരി എത്തിച്ചുനൽകുന്നത് സിനിമയിലെ സഹപ്രവർത്തകരാണെന്നും നടൻ പറഞ്ഞു. ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ഇവിടെനിന്നും ഇയാൾ ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയത്. കഴിഞ്ഞ വർഷമാണ് സംഭവം.

Post a Comment

0 Comments