കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ഏപ്രിൽ 22നാണ് പ്രമുഖ വ്യവസായി വിജയകുമാറിനെയും മീര വിജയകുമാറിനെയും വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ മുൻ ജോലിക്കാരൻ അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ ഏക പ്രതി. മുൻ വൈരാഗത്തെ തുടർന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിലെ പരാമർശം.
തിരുവാതുക്കൽ ഇരട്ടക്കൊലപാത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം പൂർത്തിയാക്കി. 76 പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയിൽ സമർപ്പിക്കും. 65 സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ ശ്രീവത്സത്തിൽ ടി.കെ വിജയകുമാർ, ഭാര്യ മീര വിജയകുമാർ എന്നിവരെ കൊലപ്പെടുത്തിയ പ്രതി അമിത് ഒറാങ്ങിനെ പിറ്റേദിവസം പോലീസ് പിടികൂടിയിരുന്നു.തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി പിടിയിലായി 85 ദിവസങ്ങൾക്ക് ഉള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച അമിത് ഓൺലൈൻ വഴി 2.79 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് വിജയകുമാർ കണ്ടു പിടിച്ചതിനെ തുടർന്ന് ഇയാളെ പെലീസ് അറസ്റ്റ് ചെയ്തു. ജയിലായ സമയത്ത് തന്റെ ഭാര്യയുടെ ഗർഭം അലസിയതും പിന്നീട് കേസിൽ നിന്നും പിൻമാറാൻ വിജയകുമാർ തയ്യാറാകത്തതുമാണ് അമിത്തിനെ കൊടും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇതിനിടെ കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ വർഷങ്ങൾക്ക് മുമ്പ് ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട കേസ് വീണ്ടും ചർച്ചയായിരുന്നു. പിന്നീട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങളും ശേഖരിച്ചു. എന്നാൽ ദമ്പതികളുടെ മരണവും മകൻറെ മരണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിഗമനത്തിലാണ് പോലീസും സിബിഐയും എത്തിയത്.
0 Comments