കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍; പിടികൂടി 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്ന്

 


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ പിടികൂടുന്നത്. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. സംഭവത്തിൽ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരില്‍ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച (19\8\25) ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഇപ്പോൾ പിടികൂടുന്നത്.

കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ സൗകര്യമുണ്ടെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. പണം നല്‍കിയാല്‍ പുറത്തേക്ക് വിളിക്കാന്‍ കഴിയുമെന്നും ഗോവിന്ദച്ചാമി പറഞ്ഞിരുന്നു. പത്ത് ദിവസം മുമ്പ് സെന്‍ട്രല്‍ ജയിലില്‍ നിന്നും മൂന്ന് മൊബൈലുകള്‍ പിടികൂടി. മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളുമാണ് കണ്ടെത്തിയത്. ന്യൂ ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്.

Post a Comment

0 Comments