മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,600 കോടി; ഏറ്റവും സമ്പന്നൻ ചന്ദ്രബാബു നായിഡു




 ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,600 കോടി രൂപയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ളത്. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. 15 ലക്ഷം രൂപ മാത്രമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കാണ് ഏറ്റവും കുറഞ്ഞ ആസ്തി.

332 കോടി ആസ്തിയുള്ള അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് രണ്ടാമത്. 51 കോടിയുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാംസ്ഥാനത്ത്. മമത കഴിഞ്ഞാൽ 55 ലക്ഷം രൂപ മാത്രമുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്കാണ് ആസ്തി കുറവുള്ളത്. 1.18 കോടി ആസ്തിയുള്ള പിണറായി വിജയനാണ് ആസ്തി കുറവുള്ളവരിൽ മൂന്നാംസ്ഥാനത്തുള്ളത്.

പാരമ്പര്യമായി ലഭിച്ച ആസ്തികളല്ല, മൂന്ന് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ് എന്ന ബിസിനസ് സ്ഥാപനത്തിലൂടെ നായിഡുവിന് സാമ്പത്തിക നേട്ടമുണ്ടായത്. ക്ഷീര വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിച്ചതിന് പിന്നാലെ 1992 ലാണ് നായിഡു 7000 രൂപ ആസ്തിയിൽ ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ് ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ പാൻ ഇന്ത്യ ബ്രാൻഡായി വളർന്ന ഹെറിറ്റേജിന് 17 സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ട്. മൂന്ന് ലക്ഷം ക്ഷീര കർഷകർക്ക് കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ട്. 2000ൽ 100 കോടി രൂപയായിരുന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തം 2025ൽ 4,000 കോടിയായി വളർന്നിട്ടുണ്ട്.

Post a Comment

0 Comments