തൊഴിലിടങ്ങളിലെ വനിത പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ വിജ്ഞാന കേരളവും കുടുംബശ്രീയും കൈകോര്‍ക്കുന്നു;ഓരോ സിഡിഎസിലും 170200 പേര്‍ക്ക് ജോലി ലഭ്യമാക്കല്‍ ലക്ഷ്യം



കല്‍പ്പറ്റ: തൊഴിലിടങ്ങളില്‍ വനിത പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കൈകോര്‍ത്ത് വിജ്ഞാന കേരളവും കുടുംബശ്രീയും.തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിനൊപ്പം ഓരോ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിജ്ഞാന കേരളം ക്യാമ്പയിനിലൂടെ തൊഴില്‍ സന്നദ്ധരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൈപുണി പരിശീലനം നല്‍കും. ഓരോ സിഡിഎസ് പരിധിയിലും വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴിലന്വേഷകര്‍ക്ക് പരിശീലനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് കുടുംബശ്രീ. ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ സെപ്റ്റംബറോടെ ഒരു ലക്ഷം ആളുകള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കാനാണ് വിജ്ഞാനകേരളം മുഖേന കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ജില്ലയിലെ ഓരോ സിഡിഎസിലും 170 മുതല്‍ 200 പേര്‍ക്ക് ജോലി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കുടുംബശ്രീകളില്‍ പ്രവര്‍ത്തിക്കുന്ന അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ കണ്ടെത്തി ജോലി ആവശ്യമുള്ളവരുടെ വിവരശേഖരണം നടത്തി പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കും. തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, ഹോട്ടല്‍, വ്യവസായ സ്ഥാപനങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കും.

തൊഴില്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കണ്ടെത്തുന്ന ഒഴിവുകള്‍ പോര്‍ട്ടലില്‍/ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തും. ജോബ് റോള്‍, എണ്ണം, ശമ്പളം, യോഗ്യത എന്നിവ തദ്ദേശ സ്ഥാപനതല ഒഴിവുകളായി പ്രസിദ്ധപ്പെടുത്തും. അയല്‍ക്കൂട്ടതലങ്ങളില്‍ നിന്നും യോഗ്യരായവരെ കണ്ടെത്തി പട്ടിക തയ്യാറാക്കല്‍, തൊഴില്‍ ദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കല്‍, തൊഴില്‍ ദാതാക്കളുടെയും തൊഴില്‍ ലഭിച്ചവരുടെയും വിവരങ്ങള്‍ വിജ്ഞാന കേരളം എംഐഎസില്‍ അപ്‌ഡേറ്റ് ചെയ്യല്‍, ത്രിതലപഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുമായി സഹകരിക്കല്‍, കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് ജോലി ലഭ്യമാക്കല്‍ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

Post a Comment

0 Comments