കണ്ണൂർ:സംസ്ഥാനത്തെ സ്കൂളുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി 200 കോടി രൂപയാണ് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒളിമ്പിക്സ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിവുള്ള കായിക താരങ്ങളെ സ്കൂളുകളിൽ നിന്ന് തന്നെ വാർത്തെടുക്കാനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നത്. 50 ഓളം സ്കൂളുകളിൽ കളിക്കളത്തിന്റെ നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്നവയിൽ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കളിക്കളങ്ങളും മികച്ച ആധുനിക പരിശീലന സംവിധാനവും ഏർപ്പെടുത്തി അന്തർദേശീയ കായിക മേളകളിൽ മികച്ച നേട്ടം കൈവരിക്കാൻ കായിക താരങ്ങളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
.സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്വന്തമായി കളിക്കളങ്ങൾ ഇല്ലാതിരുന്ന സംസ്ഥാനത്തെ 450 പഞ്ചായത്തുകളിൽ കളിക്കളം നിർമ്മിക്കുന്നതിനായി പ്രവൃത്തികൾ നടത്തി. 250 പഞ്ചായത്തുകളിൽ കളിക്കളങ്ങൾ നിർമ്മാണം പൂർത്തിയായി. സ്വന്തമായി സ്ഥലമില്ലാത്ത 100 പഞ്ചായത്തുകൾക്ക് സ്ഥലംവാങ്ങി കളിക്കളം നിർമ്മിക്കുന്നതിനായി അടുത്ത ബജറ്റിൽ തുക വകയിരുത്തും. പഞ്ചായത്ത് കളിക്കളങ്ങളിൽ പരിശീലനം നൽകുന്നതിനായി കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഓരോ കായിക പരിശീലകരെ നിയമിക്കുന്നതിനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ ചെറുതും വലുതുമായ 400 സ്റ്റേഡിയങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. 90 കോടി രൂപയുടെ 45 പദ്ധതികൾ ജില്ലയിൽ നിർമ്മാണം നടന്നുവരുന്നു. ആധുനിക സൗകര്യങ്ങളുള്ള മൂന്ന് സ്റ്റേഡിയങ്ങൾ ജില്ലയിൽ പൂർത്തിയാക്കി. തളിപ്പറമ്പിൽ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 30000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് നിർമ്മിക്കുക. മട്ടന്നൂർ അക്വാട്ടിക് കോംപ്ലക്സിന്റെ പ്രവൃത്തി നടന്നുവരുന്നു. കൂടാതെ അന്താരാഷ്ട്ര യോഗ സെന്റർ സ്ഥാപിക്കുന്നതിനായി മട്ടന്നൂരിൽ 15 ഏക്കർ സ്ഥലം ഏറ്റെടുത്തു. കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്പോർട്സ് എക്കണോമി സർക്കാർ പ്രാവർത്തികമാക്കിയതിലൂടെ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ അയ്യായിരത്തോളം പേർക്ക് ഒരുവർഷത്തിനിടെ ജോലി കൊടുക്കാനായെന്നും മന്ത്രി പറഞ്ഞു.
0 Comments