കാഫ നാഷൻസ് കപ്പിനായുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ ഇടം നേടിയിരിക്കുകയാണ് നിലമ്പൂരുകാരനായ മുഹമ്മദ് ഉവൈസ്. പ്രതിരോധക്കാരനായ ഉവൈസ് ഐഎസ്എല്ലിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. ഉവൈസിനു കേരളത്തിലെ മറ്റു താരങ്ങളെപോലെ ഗ്ലാമർ പരിവേഷമൊന്നുമില്ല. അതിനു നിന്നുകൊടുത്തിട്ടുമില്ല എന്നു പറയുന്നതാകും ശരി. ഫുട്‌ബോൾ പരിശീലകനായ കമാലുദ്ധീൻ മോയിക്കലിന്റെ മകനാണ് ഉവൈസ്. മകൻ കാൽപ്പന്തു തട്ടി തുടങ്ങിയതു മുതൽ കമാലുദ്ധീന് ഒരു ടൈംടേബിളുണ്ട്. ദിവസവും അവൻ എപ്പോൾ ഉണരണം എന്നു വരെ പരിശീലകനായ പിതാവ് തീരുമാനിച്ചിരുന്നു. മകൻ ദേശീയ കുപ്പായം അണിയാൻ കാത്തിരിക്കുകയായിരുന്നു പിതാവ്.
ഉവൈസിനെ വളർത്തിയെടുക്കുന്നതിൽ എനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 18 വയസ്സുവരെ ശരീര വികാസം ഉണ്ടാകുന്ന സമയമാണ്. അതിനിടയിൽ പരിക്കേൽക്കാതിരിക്കാനും ഫുട്‌ബോൾ എന്താണെന്ന് മനസ്സിലാക്കാനുമാണ് ശ്രമിച്ചത്. ഞാൻ ഡിഎഫ്എയുടെ ഭാരവാഹിയും സെലക്ടറുമാണ്. ഞാൻ സെലക്ടറായ കമ്മിറ്റിയിൽ ഉവൈസ് പങ്കെടുത്തിരുന്നു. അന്ന് അവനെ തിരഞ്ഞെടുക്കാതിരുന്നപ്പോൾ കുട്ടികൾ കളിയാക്കിയിട്ടുണ്ട്. ആകെ മലപ്പുറം ജില്ലാ സബ് ജൂനിയർ ഒരു തവണ മാത്രമാണ് കളിച്ചത്. ഹയർസെക്കൻഡറിക്കു മലപ്പുറം എംഎസ്‌പിയിൽ പഠിച്ചപ്പോഴാണ് പുണെ ഭാരത് എഫ്‌സിയിൽ നിന്നു വിളി വന്നത്.
0 Comments