ബെംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്.
രേവണ്ണയുടെ കുടുംബത്തിന്റെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. 2021 മുതൽ രേവണ്ണ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നും ഈ സംഭവങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ പീഡനത്തിന്റെ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു. ജൂലൈ 18 ന് കേസിൽ വാദം കേൾക്കൽ പൂർത്തിയാക്കി.
വിചാരണ വേളയിൽ, കഴിഞ്ഞ വർഷം മെയ് 31 ന് അറസ്റ്റിലായ രേവണ്ണയെയും 26 സാക്ഷികളെയും കോടതി വിസ്തരിച്ചു. തുടർന്ന് ബലാത്സംഗം, ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന 2,000-ത്തിലധികം അശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് 2024-ൽ ഫയൽ ചെയ്ത മൂന്ന് ക്രിമിനൽ കേസുകൾ കൂടി 34 കാരനായ രേവണ്ണക്കെതിരെയുണ്ട്
0 Comments