കേളകത്ത് കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് പകർച്ചവ്യാധി മൂലം ; കിഫ




കേളകം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും, ഇപ്പോൾ കൊട്ടിയൂർ പഞ്ചായത്തിലും, പേരാവൂർ പഞ്ചായത്തിലും കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് പകർച്ചവ്യാധി മൂലമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു. ചെട്ടിയാംപറമ്പിൽ 13 കാട്ടുപന്നികളും, കൊട്ടിയൂർ പഞ്ചായത്തിൽ നാലും, പേരാവൂർ പഞ്ചായത്തിൽ ഇപ്പോൾ മൂന്നും കാട്ടുപന്നികൾ ചത്തത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് ആന്ത്രാക്സ് മൂലമോ അല്ലെങ്കിൽ പന്നിപ്പനി മൂലമോ ആയിരിക്കാനാണ് സാധ്യത. ആദ്യ സംഭവം റിപ്പോർട്ട് ചെയ്തിട്ട് രണ്ടാഴ്ചയായിട്ടും കാരണങ്ങൾ കണ്ടുപിടിക്കാത്തതും, പ്രതിവിധികൾ ചെയ്യാത്തതും ഉത്തരവാദിത്തപ്പെട്ടവരുടെ തികഞ്ഞ അനാസ്ഥയാണ്. 

നിലവിൽ വനം വകുപ്പ് ചത്തുകിടക്കുന്ന പന്നികളെ പോസ്റ്റ്മോർട്ടം ചെയ്യാതെയാണ്  കുഴിച്ചിടുന്നത്. എടുത്ത സാമ്പിളുകളുടെ ലാബ് റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല എന്ന വിശദീകരണമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നത്. ഇത് തികഞ്ഞ അലംഭാവമാണ്. രണ്ടുവർഷം മുമ്പ് തൃശൂർ ജില്ലയിലെ വെറ്റിലപ്പാറയിൽ ഇത്തരത്തിൽ കാട്ടുപന്നികൾ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് അവിടെ ഫലപ്രദമായി ഇടപെടുകയും, വളർത്തുമൃഗങ്ങളിൽ വാക്സിനേഷൻ നൽകുകയും ചെയ്തിരുന്നു. കാട്ടുപന്നികളിൽ നിന്നുള്ള പകർച്ചവ്യാധികൾ വളർത്തുമൃഗങ്ങളിലൂടെ മനുഷ്യരിലേക്കും പകരുന്നതാണ്. ഇത്തരം പന്നികളുടെ ജഡം മറവ് ചെയ്യുന്നവർ പൊതുജനസമ്പർക്കം പാടില്ലാത്തതാണ്. ഇവിടെ നിലവിൽ ഇത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്  പ്രിൻസ് ദേവസ്യ പറഞ്ഞു.

Post a Comment

0 Comments