സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് ഉത്സവബത്ത വര്‍ദ്ധിപ്പിച്ചു

 


തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചു. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആശാ വര്‍ക്കര്‍മാർക്കും അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ഉത്സവബത്ത ലഭിക്കും. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത നേരത്തെ 1200 രൂപ ആയിരുന്നു.

പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ ലഭിക്കും. ബഡ്സ് സ്കൂള്‍ അധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും 1450 രൂപ ലഭിക്കും. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് 1550 രൂപയാകും ഉത്സവബത്ത. പ്രേരക്‌മാര്‍, അസിസ്റ്റന്റ് പ്രേരക്‌മാര്‍ എന്നിവര്‍ക്ക് 1250 രൂപ വീതം ലഭിക്കും. സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് 1250 രൂപ ലഭിക്കും. എസ്.സി എസ്.ടി പ്രൊമോട്ടര്‍മാര്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1460 രൂപ വീതം ലഭിക്കും.

അതെ സമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ ഓണത്തിന് 4,500 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 500 രൂപയുടെ വർധനവാണിത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തി. ഇതുകൂടാതെ, എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് ഇത് 6,000 രൂപയാണ്.

പെൻഷൻകാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച എല്ലാ വിഭാഗം കരാർ, സ്കീം തൊഴിലാളികൾക്കും ഇത്തവണ 250 രൂപയുടെ വർധനവ് അനുവദിച്ചിട്ടുണ്ട്. 13 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് ഈ ഓണക്കാലത്തെ പ്രത്യേക സഹായം ലഭിക്കുക.

Post a Comment

0 Comments