തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് പറയാൻ പോകുന്നതെന്ന് മുൻകൂട്ടി അറിഞ്ഞതിന്റെ ആത്മവിശ്വാസമാണ് ഇന്നലെ രാവിലെ സുരേഷ് ഗോപി പ്രകടിപ്പിച്ചതെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുമെന്ന് രാവിലെ സുരേഷ് ഗോപി പറഞ്ഞതിന് പിന്നാലെ കമ്മീഷൻ മറുപടി നൽകുന്നു. സർക്കാർ പറയുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് പോലെയാണ് കാര്യങ്ങളെന്നും സുനിൽ കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത് രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വരേണ്ട മറുപടിയല്ല ഉണ്ടായതെന്നും സുനിൽ കുമാർ വിമർശിച്ചു. രാഹുൽ ഗാന്ധി ഉയർത്തിയ വിഷയങ്ങളിലെ മെറിറ്റിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പോയില്ല. രാജ്യത്ത് ഉയർന്നുവന്ന പരാതികളെക്കുറിച്ചുള്ള വിഷയത്തിലായിരുന്നു മറുപടി പറയേണ്ടിയിരുന്നതെന്നും സുനിൽ കുമാർ പ്രതികരിച്ചു.
തൃശൂർ മണ്ഡലത്തിൽ ഇല്ലാത്തവർ തൃശൂർ മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവന കേട്ടാൽ ഭരണകക്ഷിയിലെ ഒരു മന്ത്രി നൽകിയ മറുപടി പോലെയുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. വാനരന്മാരാണ് പരാതി നൽകിയതെന്നത് തരം താഴ്ന്ന പ്രയോഗമാണെന്നും അദ്ദേഹം പ്രതികരിച്ചു
0 Comments