കരാറുകാർ മുന്നോട്ട് വരാതെ ഫെൻസിങ് പദ്ധതികൾ പ്രതിസന്ധിയിൽ

 

കല്പറ്റ: വന്യമൃഗശല്യം തടയുന്നതിനായി രൂപീകരിച്ച ഫെൻസിങ് പദ്ധതികൾ കരാറെടുക്കാൻ ആളില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. തുക വകയിരുത്തിയിട്ടും കരാറുകാർ മുന്നോട്ട് വരാത്തതിനാൽ കല്പറ്റ നിയോജകമണ്ഡലത്തിലെ നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.2022-23 സാമ്പത്തിക വർഷത്തിൽ മൂപ്പൈനാട് പഞ്ചായത്തിലെ ചോലാടി–മീന്മുട്ടി–നീലിമല ഫെൻസിങ് പദ്ധതി ഉൾപ്പെടെ പലതവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. നബാർഡ് പദ്ധതിയിലൂടെ അംഗീകാരം ലഭിച്ച ഒൻപത് പ്രവൃത്തികളും, കരാറുകാരുടെ അഭാവത്തിൽ നടപ്പാക്കാനാകാതെ പോയി. എം.എൽ.എ ഫണ്ട്, വയനാട് പാക്കേജ്, കിഫ്ബി, ആർ.കെ.വി.വൈ ഉൾപ്പെടെ വിവിധ പദ്ധതികളിൽ നിലനിൽക്കുന്ന പ്രവൃത്തികളും ഇതേ അവസ്ഥയിലാണ്.എന്നിരുന്നാലും, 2023-24 വർഷത്തേക്കുള്ള മേപ്പാടി, എളമ്പലേരി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിവിധ ഫെൻസിങ് പ്രവൃത്തികൾക്ക് ടെൻഡർ പൂർത്തിയായി, ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആർ.കെ.വി.വൈ പദ്ധതിയുടെ ഭാഗമായി അമ്പാറാം യൂണിറ്റ്–മാങ്ങാപ്പടി, മാങ്ങാപ്പടി–അമ്പതേക്കറ മേഖലകളിലെ ഫെൻസിങ് പ്രവൃത്തികൾ സെപ്റ്റംബർ അവസാനം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 30 ഏക്കർ–അമ്പ മേഖലയിൽ നടക്കുന്ന പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തിയാക്കും.കിഫ്ബി പദ്ധതിയിലൂടെ നേച്ചർ ഫെൻസ് കമ്പനി ഏറ്റെടുത്ത കാന്തൻപാറ, വെള്ളോലിപ്പാറ,അരണമല, കുപ്പച്ചി കോളനി, റാട്ടപ്പുഴ, ചെമ്പ്ര എന്നിവിടങ്ങളിലെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.കല്പറ്റ നിയോജകമണ്ഡലത്തിലെ ഫെൻസിങ് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ, പൂർത്തിയായ ഫെൻസിങ് പരിപാലനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും ചേർന്ന് ജീവനക്കാരെ നിയോഗിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും, നിലച്ചിരിക്കുന്ന പദ്ധതികൾക്ക് പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ടി.സിദ്ദിഖ് നിർദ്ദേശിച്ചു.

Post a Comment

0 Comments