സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; ബിജെപി നേതാക്കളുടെ മൊഴിയെടുക്കും




കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴിയാണെടുക്കുക. ഇതിനായി നേതാക്കള്‍ക്ക് വനം വകുപ്പ് ഉടന്‍ നോട്ടീസ് അയക്കും.

സുരേഷ് ഗോപിക്കെതിരെ വാടാനപ്പള്ളി സ്വദേശി എ എ മുഹമ്മദ് ഹാഷിമാണ് പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ കണ്ണൂരിലെ മാമിനി കുന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ സുരേഷ് ഗോപി പുലിപ്പല്ലുള്ള മാല ധരിച്ചിരുന്നുവെന്നും മറ്റൊരു ദിവസം തൃശ്ശൂരില്‍ നടന്ന പൊതുപരിപാടിയിലും ഇത്തരത്തില്‍ പുലിപ്പല്ലോട് കൂടിയ മാല പൊതുജനങ്ങള്‍ കാണുംതരത്തില്‍ അണിഞ്ഞിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഈ മാല അണിഞ്ഞ് സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

പുലിപ്പല്ലുള്ള ലോക്കറ്റ് ധരിച്ച് സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നേതാക്കളെയാണ് മൊഴിയെടുക്കാന്‍ വനംവകുപ്പ് വിളിപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ മുഹമ്മദ് ഹാഷിമിന്റെ മൊഴി പട്ടിക്കാട് റേഞ്ച് ഓഫീസര്‍ രേഖപ്പെടുത്തിയിരുന്നു. വിശ്വാസ സംരക്ഷണ റാലിയിൽ പങ്കെടുത്തപ്പോൾ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ യഥാർത്ഥ പുലിപ്പല്ല് ആണോ എന്നതിൽ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴിൽ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments