ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം സംസ്ഥാനത്ത് ആരംഭിക്കുന്നു; മന്ത്രി വീണാ ജോര്‍ജ്




തിരുവനന്തപുരം :ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തുന്ന പരിപാടിയിൽ ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗവും, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവുമാണ് ഈ സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.

മാനസികാരോഗ്യ തോതും പ്രാദേശികമായുള്ള മാനസികാരോഗ്യ വെല്ലുവിളികളും തിരിച്ചറിയാനും അതനുസരിച്ച് നടപടി സ്വീകരിക്കാനും ഈ സര്‍വേ സഹായിക്കും. മുതിര്‍ന്നവരിലും കൗമാര പ്രായക്കാരിലും കാണുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് മനസിലാക്കുക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലമുള്ള വൈകല്യത്തിന്റെ അളവ്, സാമൂഹ്യ സാമ്പത്തിക ആഘാതം, കുടുംബത്തിന്റേയും പരിചരിക്കുന്നവരുടേയും മാനസിക സമ്മര്‍ദ്ദത്തിന്റെ തോത്, ഇപ്പോള്‍ നിലവിലുള്ള മാനസികാരോഗ്യ സംവിധാനത്തിന്റെ പര്യാപ്തത എന്നിവയാണ് സര്‍വേ വിഷയങ്ങള്‍

കേരളത്തില്‍ 5 ജില്ലകളിലും (ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, വയനാട്, പാലക്കാട്) 4 പട്ടണ പ്രദേശങ്ങളും (തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട്) ആണ് ഈ സര്‍വേയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments