കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം, ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കോഴിക്കോട് സഹോദരിമാരെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്രീജയ (42), പുഷ്പ (37) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന്റെ രണ്ട് മുറികളിലായി ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഈ രണ്ട് സഹോദരികൾ സഹോദരനായ പ്രമോദിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. സംഭവത്തിന് ശേഷം പ്രമോദിനെ കാണാനില്ല. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സഹോദരിമാർ മരിച്ചെന്ന് അറിയിച്ചിരുന്നു. എന്നാൽ സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് തുണികൊണ്ട് മൂടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് ബന്ധു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൃതദേഹങ്ങൾ അസ്വാഭാവികമായ നിലയിലായിരുന്നത് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇത് ശരിവെക്കുകയായിരുന്നു. ഇരുവരുടെയും കഴുത്തിൽ പാടുകളുണ്ടായിരുന്നു. സഹോദരൻ പ്രമോദിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രമോദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രമോദിനെ പിടികൂടിയാൽ മാത്രമേ ഈ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിക്കു.

Post a Comment

0 Comments