പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച സംഭവം; ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍


തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച സംഭവത്തില്‍ ഹൈക്കോടതിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക.

അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്ത് പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഷാജി കോടങ്കണ്ടത്ത് തടസ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

കൊരട്ടി, പുതുക്കാട്, മുരിങ്ങൂര്‍, ചിറങ്ങര, പേരാമ്പ്ര എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് അടിപ്പാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നത്. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കിടന്ന് വലയുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പല തവണ ഹൈക്കോടതി ഉള്‍പ്പെടെ സംഭവത്തില്‍ മുന്‍പും ഇടപെട്ടിട്ടുണ്ട്. എന്നാല്‍ എത്ര വിമര്‍ശിച്ചിട്ടും താക്കീത് നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാലാഴ്ച്ചത്തേക്ക് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാനുള്ള കടുത്ത തീരുമാനം ഹൈക്കോടതി കൈക്കൊണ്ടത്.

Post a Comment

0 Comments