കാണാതായ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ, പക്ഷേ പുതിയ ബോക്സും ബില്ലും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

 





തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ഡോ.ഹാരിസിന്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയത്. ആദ്യ ദിവസം വകുപ്പ് മേധാവിയുടെ മുറി പരിശോധിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ ചില അസ്വാഭാവികതകൾ കണ്ടെത്തി. മെഡിക്കൽ കോളേജിൽ നിന്നും കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. അത് പക്ഷേ പുതിയ ബോക്സ് ആണെന്നും ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിലുള്ളതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നു. പുതുതായി കണ്ടെത്തിയ ഉപകരണത്തിന്റെ ഫോട്ടോ പഴയ ഫോട്ടോയുമായി മാച്ച് ചെയ്യുന്നില്ല. മാത്രമല്ല, മുറിയിലേക്ക് ഒരാൾ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഏത് ദിവസം ആണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഉപകരണം കാണാതായെന്ന കാര്യം വിദ​ഗ്ധ സമിതിയാണ് കണ്ടെത്തിയത്. എന്നാൽ, ഉപകരണം നഷ്ടപ്പെട്ടിട്ടില്ലെന്നും അത് ആശുപത്രിയിൽ തന്നെ ഉണ്ടെന്നും ‍ഡോ ഹാരിസ് പറഞ്ഞിരുന്നു. ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ പറയുന്നു.



Post a Comment

0 Comments