കോട്ടയ്ക്കൽ: സംസ്ഥാനത്ത് ആദ്യമായി ഗോത്രഭാഷയ്ക്ക് നിഘണ്ടു തയാറായി. മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന കുംഭാര സമുദായത്തിൽ പെട്ടവർ സംസാരിക്കുന്ന 'കുമ്മറ' ഭാഷയിലാണ് നിഘണ്ടു ഒരുക്കിയിരിക്കുന്നത്. സമുദായാംഗമായ വി.ബാബുവാണ് ഭാഷാപദങ്ങളും അതിന്റെ മലയാളം അർഥപദങ്ങളും ചേർത്ത് 'സ്വമ്മ്' എന്ന പേരിൽ നിഘണ്ടു രചിച്ചത്.ലിപി ഇല്ലാത്തതിനാൽ ഈ ഭാഷ പഠിക്കാൻ വരെ പ്രയാസമാണ്. ഒരു ലക്ഷത്തോളം മൺപാത്ര നിർമാണ തൊഴിലാളികൾ സംസ്ഥാനത്തുണ്ടെങ്കിലും ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറവാണ്. അന്യംനിന്നു പോകും എന്ന അവസ്ഥ വന്നപ്പോഴാണ് ഭാഷയെ സംരക്ഷിക്കാനായി ബാബു ഇറങ്ങിയത്. 5 വർഷം നീണ്ട യാത്രയ്ക്കും പഠനത്തിനും ശേഷമാണ് നിഘണ്ടു തയാറാക്കിയത്.
ആന്ധ്ര, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കറങ്ങി. പഴയ തലമുറയിൽപ്പെട്ടവരോട് സംസാരിച്ചു. വാമൊഴിയും ചരിത്രലിഖിതങ്ങളും അനുമാനങ്ങളുമെല്ലാം ശേഖരിച്ചു.1,500 വാക്കുകളും അർഥപദങ്ങളും നിഘണ്ടുവിലുണ്ട്. ഗുത്ത (കുഴി), ഗുമ്മ് (ഇരുട്ട്), അഗ്ഗി(തീ), ഊട്ട (ഉറവ), ഗുഡി (ക്ഷേത്രം), ഉങ്കറം (മോതിരം), കൊമെരെ (യുവതി), ഉട്ഹ(ചൂൽ), ഗാലി (കാറ്റ്)...നിഘണ്ടുവിലെ പദങ്ങൾ കൗതുകം നിറഞ്ഞവയാണ്.കോഴിക്കോട് കക്കോടി കൊല്ലങ്കണ്ടി സ്വദേശിയായ ബാബു മൺപാത്ര നിർമാണത്തിന്റെ സംസ്ഥാനതല പരിശീലകനാണ്. തിരൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ പൊന്നാനിയുടെ സഹായം നിഘണ്ടു രചനയിൽ ബാബുവിനു ലഭിച്ചു.
നിധി എന്നാണ് 'സ്വമ്മ്' എന്ന പദത്തിന്റെ അർഥം. 'ഈ ഭാഷ ഞങ്ങളുടെ നിധിയാണ്'- ബാബു പറയുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമുദായത്തിന്റെ ചരിത്രം നിഘണ്ടുവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമുദായത്തെക്കുറിച്ച് പുതുതലമുറയ്ക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന വിധമാണ് നിഘണ്ടുവിന്റെ രൂപകൽപനയെന്നും ബാബു പറഞ്ഞു.
0 Comments