വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 



ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് വെളിപ്പെടുത്തലിൽ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെയാണ് കമ്മീഷൻ വീണ്ടും തെളിവ് ചോദിച്ചത്. ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

അതിനിടെ, കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകളെത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോൺഗ്രസ്‌ വക്താവ് പവന്‍ ഖേര പറഞ്ഞു.

രാഹുലിന്റെ വാർത്താസമേളനത്തിന് ശേഷം ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ നൽകി. മഹാദേവ് പുരയിലെ വിവരങ്ങൾ രാഹുൽ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ ലഭ്യമാക്കിയതെന്നും പവൻ ഖേഡ പറഞ്ഞു.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടര്‍പട്ടിക പുറത്ത് വിടാന്‍ കമ്മീഷന് ധൈര്യമുണ്ടോയെന്നും പവന്‍ ഖേര ചോദിച്ചു. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ മോദി പിന്നിലായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ബൂസ്റ്റർ ഡോസ് മോദിക്ക് കിട്ടി. അത് എവിടെ നിന്നാണെന്നാണ് അറിയേണ്ടതെന്നും ആ വോട്ടർ പട്ടിക കൈയിൽ കിട്ടിയാൽ മോദി കള്ളവോട്ട് കൊണ്ടാണ് ജയിച്ചതെന്ന് നിസംശയം പറയാനാകുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Post a Comment

0 Comments