കൊച്ചി: താര സംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു കൊല്ലമാകുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വന്ന ആരോപണങ്ങളിലും വിവാദങ്ങളിലും പിടിച്ചുനിൽക്കാനാകാതെ കഴിഞ്ഞവർഷം ആഗസ്റ്റ് 27നാണ് 'അമ്മ'യുടെ ഭരണസമിതി രാജിവെക്കുന്നത്. അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ ഒരു വർഷം വിവാദങ്ങൾ 'അമ്മ'യെ വിട്ടൊഴിഞ്ഞില്ല. കലുഷിതമായ അന്തരീക്ഷത്തിനുശേഷം 'അമ്മ' തെരഞ്ഞെടുപ്പിലേക്ക് എത്തിയതോടെ മോഹൻലാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്നറിയിച്ചു. ജഗദീഷും പത്രിക പിൻവലിച്ച് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി.
ആരോപണ വിധേയർ മാറിനിൽക്കണമെന്ന് അംഗങ്ങളിൽ നിന്ന് ആവശ്യം ശക്തമായതിനെ തുടർന്ന് ബാബുരാജും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിച്ചു. മുൻപെങ്ങുമില്ലാത്തവിധം മത്സരാർഥികൾക്ക് എതിരെ ആരോപണങ്ങളും പരാതികളും ഉയർന്നുവന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന പരാതിയും ഉയർന്നു. ഇങ്ങനെ സംഭവബഹുലമായ സാഹചര്യങ്ങൾക്ക് നടുവിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കുക്കു പരമേശ്വരനും രവീന്ദ്രനും ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. രാവിലെ 10 മണി മുതൽ തെരഞ്ഞെടുപ്പ് ആരംഭിച്ച് വൈകുന്നേരം നാലുമണിയോടെ ഫലവും പ്രഖ്യാപിക്കും.
0 Comments