ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നില്‍ പ്രതിയുടെ അമിതമായ മൃഗസ്‌നേഹമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം. ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടതാകാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം.
രാജ്‌കോട്ട് സ്വദേശിയായ രാജേഷ് കിംജിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആക്രമണ കാരണം പ്രതിയുടെ തെരുവ് നായ സ്‌നേഹം എന്ന നിഗമനത്തിലേക്ക് എത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് രാജേഷിന് മനോവിഷമമുണ്ടാക്കിയിരുന്നതായി മാതാവ് മൊഴി നല്‍കിയിരുന്നു. തെരുവില്‍ അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി രാജ്‌കോട്ടില്‍ രാജേഷ് കഴിഞ്ഞ വര്‍ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗുജറാത്തിനകത്തും, പുറത്തും സമാനമായ പരിപാടികളും നടത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നാലെ കുരങ്ങന്മാരെ ഒഴിപ്പിക്കാതിരിക്കാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചെന്നും ഭക്ഷണം നല്‍കിയെന്നും പ്രതി മൊഴി നല്‍കി.
അതിനിടെ, ഔദ്യോഗിക വസതിയില്‍ നടന്നത് ഗുരുതര സുരക്ഷ വീഴ്ചയെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സംഭവം തടയുന്നതിലും പ്രതികരിക്കുന്നതിലും ഡല്‍ഹി പൊലീസിന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് രേഖ ഗുപ്തക്ക് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. സിആര്‍പിഎഫിനാകും സുരക്ഷ ചുമതല. കോടതിയില്‍
ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
0 Comments