കേളകം പഞ്ചായത്ത് ഹാളിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു

കേളകം: ജന ജാഗ്രത സമിതി യോഗം ചേർന്നു. കേളകം പഞ്ചായത്ത് പരിധിയിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനാണ് ജന ജാഗ്രത സമിതി യോഗം ചേർന്നത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ് കാര്യങ്ങൾ വിശദീകരിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യജീവി ശല്യങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യുകയും, വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഫണ്ട് ഉപയോഗിച്ച് 3.5 കിലോമീറ്റർ നീളത്തിൽ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.
വന്യജീവി പ്രശ്‌നങ്ങൾ രൂക്ഷമായ വാർഡുകളിൽ നടത്തേണ്ട പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും, പഞ്ചായത്ത് ഫണ്ടും വനം വകുപ്പ് ഫണ്ടും സംയോജിപ്പിച്ച് എങ്ങനെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാമെന്നും യോഗത്തിൽ ചർച്ച നടന്നു. ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് , അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവെക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം ഫലപ്രദമായി ഉപയോഗിക്കുന്നതിന് നിർദ്ദേശം നൽകി. കൂടാതെ, പഞ്ചായത്തിന് കീഴിലുള്ള 
പിആർടി അംഗങ്ങൾക്ക് കണ്ണൂർ ഡിവിഷൻ തലത്തിൽ പ്രത്യേക പഠന ക്ലാസുകൾ നൽകുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. 
വാർഡ് മെമ്പർമാർ അവരുടെ പ്രദേശങ്ങളിലെ വന്യജീവി പ്രശ്‌നങ്ങൾ ഉന്നയിച്ചു. വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി പഞ്ചായത്ത് നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് വിശദമായി മറുപടി നൽകി.
യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി എം പൊന്നപ്പൻ, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, മെമ്പർമാരായ ബിനു മാനുവൽ, പ്രീത ഗംഗാധരൻ, ഷാന്റി സജി, സജീവൻ പാലുമ്മി , മനോഹരൻ മാരാടി, ലീലാമ്മ ജോണി, പി.ജെ തോമസ്, ജോണി പാമ്പാടിയിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സജിത്ത്, പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments