കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അപകടം; 'തൊഴിലാളികൾ മരിച്ചത് ടാങ്കിലെ വെള്ളത്തിൽ മുങ്ങി, ശ്വാസകോശത്തിൽ രാസമാലിന്യം കലർന്ന വെള്ളം'

 


മലപ്പുറം: മലപ്പുറം അരീക്കോട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തൊഴിലാളികൾ മരിച്ചത് ടാങ്കിനകത്തെ വെള്ളത്തിൽ മുങ്ങിയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തിൽ രാസമാലിന്യം കലർന്ന വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവർ വിഷവാതകം ശ്വസിച്ചതായും നിഗമനം. തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് ബോധരഹിതരായിട്ടുണ്ടാകും എന്നാണ് നിഗമനം. മുട്ടിന് താഴെ മാത്രമേ വെള്ളം ഉണ്ടായിരുന്നുവെങ്കിലും കുഴഞ്ഞു വീണത്തോടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാകമെന്ന് ഫോറൻസിക് സംഘം വിലയിരുത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മലപ്പുറം അരീക്കോടിനടുത്ത് കളപ്പാറയിൽ കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിലെ ടാങ്കിൽ മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാങ്കിലിറങ്ങിയ ഒരു തൊഴിലാളിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സുഹൃത്തുക്കളായ മറ്റ് രണ്ട് പേര്‍ കൂടി അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബീഹാർ, അസാം സ്വദേശികളായ ബികാസ് കുമാർ, ഹിദേശ് ശരണ്യ സമദ് അലി എന്നിവരാണ് മരിച്ചത്. ടാങ്ക് നില്‍ക്കുന്ന കെട്ടിടത്തില്‍ ഒരു തൊഴിലാളിക്കാണ് ജോലിയുണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ എന്തിനാണ് ഇവിടേക്കെത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തൃണമൂല്‍ കോൺഗ്രസ് ജില്ലാ കൺവീനര്‍ കെ ടി അബ്ദുറഹിമാൻ അടക്കമുള്ളവരുടെ പങ്കാളിത്തതിലുള്ളതാണ് മാലിന്യ പ്ലാന്‍റ്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് തൊഴില്‍മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിട്ടുണ്ട്.


 

Post a Comment

0 Comments