കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി ഒൻപതിലേക്ക് മാറ്റി.
ശ്രീകോവിൽ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ്പ കേസ് എന്നിവയിൽ ഒരുമിച്ചാണ് കോടതി വാദം കേൾക്കുക. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രിയുടെ വാദം.
എന്നാൽ സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ട് ഒൻപതിന് കോടതിയിൽ സമർപ്പിക്കും.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ വ്യക്തത വരുത്തുന്നതിനാണ് ഇഡി നടപടി.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി നാളെ പരിഗണിക്കും. മുരാരി ബാബു, സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

0 Comments