ഇറാന്‍ ആക്രമിച്ചത് 17 യു എസ് സൈനിക താവളങ്ങള്‍, പലയിടത്തും നാശനഷ്ടമെന്നും റിപ്പോര്‍ട്ട്

 



യുദ്ധം ആരംഭിച്ചശേഷം പശ്ചിമേഷ്യയിലെ 17 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍, സ്ഥിരീകരിക്കപ്പെട്ട സോഷ്യല്‍ മീഡിയ വീഡിയോകള്‍, യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍, ഇറാന്റെ ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കും സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചത്. ഇവയില്‍ ഭൂരിഭാഗവും തടയാന്‍ കഴിഞ്ഞതായി യു.എസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ആക്രമണത്തില്‍ 11 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് പശ്ചിമേഷ്യയിലെ ആകെ യുഎസ് കേന്ദ്രങ്ങളുടെ പകുതിയോളം വരും.

ഇറാന്റെ തിരിച്ചടി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമല്ല. എങ്കിലും, കഴിഞ്ഞ ആഴ്ച യുഎസ് കോണ്‍ഗ്രസിന് പെന്റഗണ്‍ നല്‍കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ഫെബ്രുവരി 28-ന് ബഹ്റൈനിലെ യു.എസ് നേവി അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെ നടന്ന ഒറ്റ ആക്രമണത്തില്‍ മാത്രം ഏകദേശം 200 മില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രംപ് ഭരണകൂടം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ രീതിയില്‍ ഇറാന്‍ യുദ്ധത്തിനായി തയ്യാറെടുത്തിരുന്നതിന് തെളിവാണ് ഇത്ര കനത്ത തിരിച്ചടികളെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Post a Comment

0 Comments