ആസ്തി 615 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം; വിജയ്‌യുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ...


ചെന്നൈ: തമിഴക വെട്രി കഴകവുമായി (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനൊരുങ്ങുന്ന വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നടന്‍ ആസ്തി വിവരങ്ങള്‍ പങ്കുവച്ചത്.

നടന്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്​ക്ക് 615കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 615 കോടി സ്വത്തില്‍ 405 കോടി സ്ഥാവര സ്വത്തും (ഭൂമി, കെട്ടിടങ്ങൾ എന്നിവ) 210 കോടി ജംഗമസ്വത്തുമായാണ് (പണം, വാഹനം, ആഭരണങ്ങൾ എന്നിവ) രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ ഏകദേശം 213.36 കോടി രൂപ ബാലന്‍സായുണ്ട്. ആക്‌സിസ് ബാങ്കിന്റെ ഇന്ദിര നഗര്‍ ബ്രാഞ്ചില്‍ ഏകദേശം 5.79 കോടി രൂപയുടെ സ്ഥിര നിക്ഷേപവും വിജയ്ക്കുണ്ട്. ഭാര്യ സംഗീതയുടെ പേരില്‍ ഏകദേശം 15.51 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ടെന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.

കാറുകളുടെ നീണ്ട നിരയും സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. കാറുകള്‍ക്ക് പുറമേ, 1.20 കോടി രൂപ വിലമതിക്കുന്ന ഏകദേശം 883 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും വിജയിന്റെ പക്കലുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി രൂപ വിലമതിക്കുന്ന ഏകദേശം 391 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൈവശമുണ്ട്. ഏകദേശം 1 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും കുടുംബത്തിന് സ്വന്തമായുണ്ട്.

സ്വകാര്യ സ്വത്തുക്കള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പുറമെ കമ്പനികളിലും ട്രസ്റ്റുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വന്‍ നിക്ഷേപങ്ങളും വിജയ്ക്കുണ്ട്. ലോകമെമ്പാടുമായി ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ നിക്ഷേപമായി വിജയ്ക്കുണ്ട്. വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയിലായി 56 കോടി രൂപയുടെ നിക്ഷേപമാണ് സത്യവാങ് മൂലം സാക്ഷ്യപ്പെടുത്തുന്നത്.

രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.




Post a Comment

0 Comments