ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിച്ച 83,000-ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്കും എണ്ണൂറിലധികം മൊബൈൽ ആപ്പുകൾക്കും അധികൃതർ പൂട്ടിട്ടു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് സൈബർ കുറ്റവാളികൾക്കെതിരെ 'ഡിജിറ്റൽ ആക്രണമണത്തിന്' തുടക്കമിട്ടത്. 2025 തുടക്കം മുതൽ സങ്കീർണ്ണമായ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്‌സ്ആപ്പ് അക്കൗണ്ടുകളുമാണ് ഇതുവരെ ബ്ലോക്ക് ചെയ്തത്.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്ക് പ്ലാറ്റ്‌ഫോമൊരുക്കുന്ന 827 മൊബൈൽ ആപ്പുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള നൂതന സൈബർ തട്ടിപ്പുകളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ്.

0 Comments