മസ്കത്ത്: ഒമാനിൽ ന്യൂനമർദ്ദത്തെത്തുടർന്ന് കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയിലെ അധ്യയനം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. മാർച്ച് 24 ചൊവ്വാഴ്ച മുതൽ മാർച്ച് 26 വ്യാഴാഴ്ച വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാവുക.
ദോഫാർ, അൽ വുസ്ത എന്നീ രണ്ട് ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ പ്രവിശ്യകളിലും ഓൺലൈൻ പഠന സംവിധാനം ബാധകമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ മുൻകരുതൽ നടപടി. ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ അതീവ ദുഷ്കരമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ അറിയിച്ചു. ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം എന്നതിനാൽ കാഴ്ചപരിധി കുറയാനും അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മസ്‌കത്ത്, അൽ ദാഹിറ, അൽ ദാഖിലിയ, നോർത്ത്-സൗത്ത് അൽ ഷർഖിയ, നോർത്ത്-സൗത്ത് അൽ ബതിന, മുസന്ദം, അൽ ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാണ് കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രകടമാകുക. ശക്തമായ മഴയെത്തുടർന്ന് വാദികളിൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

0 Comments